തൊടുപുഴ: ലഹരി ഉപയോഗം കണ്ടെത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ജുവനൈല്‍ ഹോമിലേക്കു മാറ്റി. കേസില്‍ പ്രധാന കുറ്റാരോപിതനായ ഈ വിദ്യാര്‍ഥിയെ കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലാണ് ആക്കിയത്. കേസിന്റെ ഗൗരവവും കുറ്റാരോപിതന് നടത്തിയ ക്രൂരതയും പരിഗണിച്ചാണ് നടപടി. ഈ വിദ്യാര്‍ഥിയെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ഇന്നലെ വീണ്ടും ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഹാജരായപ്പോള്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയായിരുന്നു.
പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ ആരോപണവിധേയരായ മറ്റു രണ്ടു പേരെ കാക്കനാട് ബോര്‍സ്റ്റല്‍ സ്കൂളിൽ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം പിറവം കല്ലുമാരിയില്‍ അക്ഷയ് സജു (18), അമ്പലവയല്‍ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരെയാണ് തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ ഇവരും അക്രമത്തില്‍ പങ്കാളികളാണെന്ന് ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. തങ്ങള്‍ക്ക് മർദനത്തിൽ പങ്കില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ അക്രമത്തില്‍ ഇവരും പങ്കാളികളാണെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴയില്‍ ഗ്രാന്‍ഡിസ് ടെക്നോളജി എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ പത്തൊന്പതുകാരന് കഴിഞ്ഞ പത്തിനാണ് ക്രൂര മര്‍ദനമേറ്റത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ വലത് വൃഷണം നീക്കംചെയ്യേണ്ടി വന്നു.
ഹോസ്റ്റലില്‍ മൂന്നുപേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥി ദൃശ്യങ്ങള്‍ സഹിതം അധ്യപകരെ അറിയിച്ചതിനായിരുന്നു ആക്രമണം. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ജേക്കബ് ജെ. ആനക്കല്ലുങ്കല്‍, മെറിന് സ്റ്റാന്‍ലി, റിയാ സിജോ, ജെറിന് സ്റ്റാന്‍ലി എന്നിവര്‍ ഹാജരായി.